Kerala
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് . സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്കെതിരെ സർക്കാർ 'ഡയസ്നോൺ' പ്രഖ്യാപിച്ചു.
സമരം ചെയ്യുന്ന ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. കൂടാതെ, ഈ കാലയളവ് സർവീസിലെ ഒരു ഇടവേളയായി കണക്കാക്കുകയും ചെയ്യും.
കുടിശ്ശികയുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, പുതിയ തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ നേതൃത്വത്തിൽ ഡോക്ടർമാർ സമരം ചെയ്യുന്നത്.
ഒപി ബഹിഷ്കരണം, അക്കാദമിക് ജോലികളിൽ നിന്നുള്ള വിട്ടുനിൽക്കൽ തുടങ്ങിയ സമരമുറകൾ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികളിലേക്ക് നീങ്ങിയത്.
സമരത്തിൽ നിന്ന് പിന്മാറാൻ ഡോക്ടർമാരോട് സർക്കാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചകൾ ഫലപ്രദമാകാത്തതിനെത്തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് അധ്യാപകർ അനിശ്ചിതകാല ഒപി ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും ആരംഭിച്ചു. ഒപികളിൽനിന്നു സീനിയർ ഡോക്ടർമാർ വിട്ടുനിന്നു. പിജി വിദ്യാർഥികളും ഹൗസ് സർജൻമാരുമാണ് ഒപിയിൽ എത്തിയ രോഗികളെ പരിശോധിച്ചത്.
ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം വ്യാഴാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റു പ്രോസീജറുകളും നിർത്താൻ സംഘടന നിർബന്ധിതമാകുമെന്ന് കെജിഎംസിടിഎ നേതാക്കൾ അറിയിച്ചു. 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽനിന്നും വിട്ടുനിൽക്കും.
അവശ്യ ആരോഗ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, പോസ്റ്റ്മോർട്ടം പരിശോധനകൾ, അടിയന്തര ലബോറട്ടറി സേവനങ്ങൾ എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളജുകളിലും ധർണനടത്തി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗം നിർവഹിച്ചു. ധർണയിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ഷിബു, സെക്രട്ടറി ഡോ. ഷെഫ്ന എന്നിവർ പങ്കെടുത്തു.
2016 മുതലുള്ള ശന്പള കുടിശിക നൽകുക, മതിയായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി മെഡിക്കൽ കോളജ് ഡോക്ടർമാർ കഴിഞ്ഞ ജൂലൈ ഒന്നു മുതൽ പ്രതിഷേധത്തിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ഇന്ന് മുതൽ തുടങ്ങും. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.
ശമ്പള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.
District News
ഗാന്ധിനഗർ: കോട്ടയം ഗവ. മെഡിക്കല്‍ കോളജ് മികവിന്റെ പാതയില്‍ മുന്നേറുന്നു. മെഡിക്കൽ കോളജ് ആശുപത്രി ഏർപ്പെടുത്തിട്ടുള്ള 283.60 കോടി രൂപയുടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാടിനു സമര്‍പ്പിക്കും.സര്‍ജിക്കല്‍ ബ്ലോക്ക്, സ്കിന്‍ബാങ്ക്,
കാത്ത്ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്ടേഷന്‍ മാനേജ്മെന്റ് സെന്റര്‍ തുടങ്ങി വികസന പദ്ധതികളാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയത്. ഉദ്ഘാടന സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് സ്വാഗതം പറയും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
അവയവം മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയയില്‍ ഒന്നാമത്
സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മികവിന്റെ പടവിലാണ്. ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്നു പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളജിന് മാറാൻ സാധിച്ചു.
ഡല്‍ഹി എയിംസിനു ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നടത്തിയത്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമായി ഉയർന്നു. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളജിനു സാധിച്ചു.
ഇനിയും പരിഹരിക്കാത്ത
പോരായ്മകൾ
അതേസമയം ആശുപത്രിയിലെ പോരായ്മകൾ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. വെന്റിലേറ്റർ സൗകര്യം വേണ്ട രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. മറ്റു ആശുപത്രികളിൽ ഐസി യുവിൽ കഴിയുന്ന രോഗികൾ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയ്ക്ക് വരാൻ താത്പര്യപ്പെടുന്നുണ്ട്.
എന്നാൽ ഇവിടെ വെന്റിലേറ്റർ സൗകര്യം ലഭ്യമാണോ എന്ന് അന്വേഷിച്ച് ബന്ധപ്പെട്ട അധികൃതരെ ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും വെന്റിലേറ്റർ സൗകര്യം ലഭ്യമല്ലെന്ന വിവരമാണ് ലഭിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ആശുപത്രിയിൽ വെന്റിലേറ്റർ ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തുടങ്ങിയ വിഭാഗം ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സ് കാലപ്പഴക്കത്തെത്തുടർന്ന് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അറ്റകുറ്റപ്പണി നടത്താൻ ജീവനക്കാർ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയായിട്ടില്ല.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായത് ആശങ്ക പടർത്തി. ആശുപത്രിയിലെ ജനറേറ്റർ റൂമിൽനിന്നാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഫയർ എക്സിക്യൂഷൻ ഉപയോഗിച്ചു തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോന്നിയിൽനിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയിൽനിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രദേശത്ത് രാവിലെ മുതൽ വൈദ്യുതി മുടങ്ങിയിരുന്നതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ആശുപത്രിയിൽ വൈദ്യുതി എത്തിച്ചിരുന്നത്. തീയും പുകയും കണ്ട ഉടൻതന്നെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് രോഗികളെ ഒഴിപ്പിച്ചിരുന്നു. ജനറേറ്റർ റൂമിൽ സൂക്ഷിച്ചിരുന്ന ഡീസൽ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റുകയും ചെയ്തു.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക മെഡിക്കൽ കോളജിന്റെ മുകൾ നിലയിലേക്കു വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ ബ്ലോവർ എത്തിച്ചു പുക പുറത്തേക്ക് വലിച്ചു കളയാനുള്ള ശ്രമവും ഫയർഫോഴ്സ് തുടങ്ങിയിട്ടുണ്ട്.
തീപിടിത്തത്തെത്തുടർന്നു രോഗികളും ജീവനക്കാരും ഏറെ നേരം പരിഭ്രാന്തരായി. പുതിയ കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച ജനറേറ്ററാണ് അഗ്നിക്കിരയായത്.
District News
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ രോഗികള്‍ക്കായി ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. കേരള എന്‍ജിഒ യൂണിയന് തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചത്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാസ് പ്, മെഡിസെപ് ഉള്‍പ്പെടെയുള്ള കൗണ്ടറുകളെക്കുറിച്ചും അവയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും രോഗികള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, വിവിധ ഒപികളെക്കുറിച്ച് വിവരം നല്‍കുക എന്നിവയ്ക്കൊപ്പം കെ-സോട്ടോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവദാന രജിസ്ട്രേഷനും ഈ കൗണ്ടറിലൂടെ നടത്താം.
കാലങ്ങളായി രോഗികള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കിയതിന്റെ ഭാഗമായാണ് യൂണിയന് ഹെല്‍പ്പ് ഡെസ്ക് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ഒപി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കുന്നത്. എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന് ഹെല്‍പ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ നോബിള്‍ ഗ്രേഷ്യസ്, ദക്ഷിണമേഖല നോഡല്‍ ഓഫീസര്‍ രാഖി കൃഷ്ണന്, എന്‍ജിഒ യൂണിയന് ജില്ല സെക്രട്ടറി പി.കെ. വിനുകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
ആലപ്പുഴ/ കോട്ടയം: വിവിധ മെഡിക്കൽ കോളജ് ആശുപ്രതികളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രോഗികളെ വലച്ചു. കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെയാണ് ഒപി ബഹിഷ്കരണ സമരം ആരംഭിച്ചത്.
ഡോക്ടർമാർ സമരത്തിലാണെങ്കിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജൂണിയർ ഡോക്ടർമാരും ഒപിയിൽ പരിശോധന നടത്തിയിരുന്നു. എങ്കിലും മുതിർന്ന ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒപി ടിക്കറ്റെടുത്ത ശേഷം രോഗികൾ പലരും മടങ്ങിയെന്ന് ഇ-ഹെൽത്ത് പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
രോഗികൾ മടങ്ങി
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 8 ഒപികളിലാണ് ഇ-ഹെൽത്ത് പോർട്ടൽ വഴി ഒപി ടിക്കറ്റ് നൽകുന്നത്. അസ്ഥിരോഗ വിഭാഗം, മെഡിസിൻ, ഇഎൻടി, പ്രതിരോധ കുത്തിവയ്പ്, സർജറി, മനഃശാസ്ത്ര വിഭാഗം, നേത്രരോഗ വിഭാഗം, ശിശുപരിചരണ വിഭാഗം എന്നീ ഒപികളിലായി 1757 പേരാണ് ഒപി ടിക്കറ്റെടുത്തത്. എന്നാൽ, ഡോക്ടർമാരുടെ അടുത്ത് പരിശോധനയ്ക്ക് എത്തിയത് 955 പേർ മാത്രമാണെന്ന് ഇ- ഹെൽത്ത് പോർട്ടലിലുണ്ട്. ഒപി കൗണ്ടറുകൾക്കു മുൻപിൽ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു.
സമരം കടുപ്പിക്കും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഏറെ നാളായി സമരരംഗത്താണ്. മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഒപിയും അടിയന്തര ചികിത്സയും ശസ്ത്രക്രിയയും ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിച്ചായിരുന്നു ഇതുവരെ സമരം. ഇന്നലെ മുതൽ ഒപി ബഹിഷ്കരണം ആരംഭിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം ഒൻപതു മുതൽ ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കുമെന്നും 11 മുതൽ പരീക്ഷാജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു.
എൻട്രി കേഡർ ശമ്പളത്തിലെ ഇടിവ്, ശമ്പളപരിഷ്കരണ കുടിശിക, പെൻഷൻ സീലിംഗ്, നിയമനമില്ലാതെ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത്, എൻഎംസി അംഗീകാരം നേടുന്നതിനായി ഡോക്ടർമാരെ കോളജുകൾക്കിടയിൽ മാറ്റി നിയമിക്കുന്നതിലൂടെ പഴയ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തകരുന്നത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ സമരം.
പ്രതിഷേധ മാർച്ച്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ 10ന് സൂപ്രണ്ട് ഓഫീസിൽനിന്ന് അത്യാഹിതംവരെ നടത്തിയ പ്രതിഷേധ മാർച്ചിന് മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 11.30ന് പരിപാടി സമാപിച്ചു.
പ്രതിഷേധ പരിപാടി കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഡോ. ഫ്രഡറിക് പോൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. സദറുദീൻ, ഡോ. വേണുഗോപാൽ, ഡോ. ജോസ് മോൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഡോ. നെറ്റോ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ മിസ് അലൈന, സ്റ്റുഡന്റ്സ് യൂണിയൻ അംഗം ഡോ. ഫർഹാൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. ആശിഷ് എന്നിവർ പ്രസംഗിച്ചു.
തെരുവുനാടകം
കേരളത്തിലെ മെഡിക്കൽ കോളജുകളിലുടനീളം ഡോക്ടർമാരുടെ ഒഴിവുകൾ വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി “ഒഴിഞ്ഞ കസേരയിൽ കോട്ട്” എന്ന ആശയവുമായി തെരുവുനാടകം അവതരിപ്പിച്ചു. മെഡിക്കൽ കോളജുകളിലെ ഒഴിവ് തസ്തികകളും അതുമൂലം പൊതുജനാരോഗ്യ സംവിധാനത്തിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ശക്തമായി ഈ നാടകം ആവിഷ്കരിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരപരിപാടികൾ ശക്തമാക്കുമെന്നും അനിശ്ചിതകാല ഒപി ബഹിഷ്കരണം തുടരുമെന്നും കെജിഎംസിടിഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചൊവ്വാഴ്ച ആൻജിയോ ഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് തന്ത്രി.
നേരത്തെ ജയിലില്‍ വച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച ആന്‍ജിയോഗ്രാം ചെയ്ത് വൈകിട്ട് വരെ നിരീക്ഷണത്തില്‍ ഇരുത്തിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.
ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി ഒന്‍പതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തത് കണ്ഠരര് രാജീവര് ആണെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
തട്ടിപ്പിന് മൗനാനുവാദം നല്കി ഗൂഢാലോചനയില്‍ പങ്കാളിയായെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. റിമാൻഡിലായി തൊട്ടടുത്ത ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി രാജീവര്‍ക്ക് ദീര്‍ഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തന്ത്രിയുടെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി മൂന്നിന് പരിഗണിക്കും.
Kerala
കോഴിക്കോട്: ശമ്പളപരിഷ്കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 27-ന് സൂചനയായി ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.
ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും.
ഫെബ്രുവരി 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.
അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ മരത്തിൽ നിന്ന് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. ഒപി ബ്ലോക്കിന് സമീപത്തുള്ള മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
പരിയാരം: കണ്ണൂർ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഏഴാംനിലയില്‍നിന്നു താഴേക്ക് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന് ടോം തോംസണാണ് (40) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
രാത്രിയോടെ ബഹളം
ടോം തോംസണിന്റെ അച്ഛൻ തോമസ് ഹെര്‍ണിയ ഓപ്പറേഷന് കഴിഞ്ഞ് ഏഴാം നിലയില്‍ അഡ്മിറ്റാണ്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാലു ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയയ്ക്കായി ഏഴാം നിലയിലെ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ ഒന്നോടെ ടോം ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാ യിരുന്നു. സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്കു ചാടുമെന്നു ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്കേസിനു സമീപത്തുനിന്നു ജനലിലൂടെ പുറത്തേക്കു കടന്നു. ഇതോടെ ആശുപത്രി അധികൃതര്‍ 1.15ന് പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു.
ശ്രമം പാഴായി
അഗ്നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഏഴാം നിലയില്‍നിന്ന് ആറാം നിലയിലേക്കു വന്നു ടോം തോംസണ്‍ വലയില്ലാത്ത ഭാഗത്ത് നിന്നും 1.50 ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ ഇയാളെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3.10 ന് മരിച്ചു. ഭാര്യ: ജോഷി മോള്. മക്കള്‍:ആഷിക്, അയോണ്‍. സഹോദരങ്ങള്‍: അനില്‍, സുനി, സുമ, സുജ. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Kerala
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കും. ഈ മാസം 28ന് ആണ് ഹർഷിന വീണജോർജിന്റെ വസതിക്ക് മുൻപിൽ ഏകദിന സത്യാഗ്രഹമിരിക്കുക.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന അറിയിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്.
തുടർന്ന് 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർഷിന പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടും സർക്കാർ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്. ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: ബോംബ് ഭീഷണിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോലീസ് പരിശോധന നടത്തുന്നു. പ്രിൻസിപലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി വന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ ഉറവിടം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലമുള്‍പ്പെടെയാണ് പരിശോധിക്കുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.
District News
വെള്ളറട: കാരക്കോണം ഡോ. സോമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാമൂഹിക പ്രാധാന്യമുള്ള സമഗ്ര വികസന പദ്ധതികള്‍ക്ക് തുടക്കമായി. സിഎസ്ഐ മോഡറേറ്റര്‍ ഡോ. റൂബന്‍ മാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചു.
ബഹുനില ലെക്ച്ചര്‍ ഹാള്‍, കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്പെഷാലിറ്റി ബഹുനില മന്ദിരങ്ങളുടെ ശിലാസ്ഥാപനവും എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ അടിയന്തിര ഓപ്പറേഷന് തിയേറ്റര്‍, സ്കാനിംഗ് ഉപകരണങ്ങള്‍, സെന്‍ട്രല്‍ ലാബില്‍ നവീകരിച്ച മൈക്രോ ബയോളജി ലബോറട്ടറി, സാമ്പിള്‍ കളക്ഷന്‍ വിഭാഗത്തില്‍ അത്യാധുനിക സജ്ജീകരണങ്ങള്‍ എന്നിവയാണ് പുതിയ പദ്ധതികള്‍. തുടര്‍ന്നു ദക്ഷിണ കേരള മഹാ ഇടവക ഉപാധ്യക്ഷന്‍ ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ അധ്യക്ഷത വഹിച്ചു.
സിഎസ്ഐ മോഡറേറ്റര്‍ കമ്മിസറിയും കന്യാകുമാരി മഹായിടവകയുടെ ബിഷപ്പുമായ ഡോ. ക്രിസ്റ്റഫര്‍ വിജയന്, കൊല്ലം-കൊട്ടാരക്കര മഹാ ഇടവക ബിഷപ്പ് ജോസ് ജോര്‍ജ്, ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീണ്‍, ട്രഷറര്‍ ഡോ. ക്രിസ്റ്റല്‍ ജയരാജ്, മാസ്റ്ററല് ബോര്‍ഡ് സെക്രട്ടറി ഡോ. ജയരാജ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. അനുഷ മര്ലിന് എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബാബുരാജ് നന്ദി പറഞ്ഞു.
Kerala
കോഴിക്കോട്: താമരശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗീസ് (42) ആണ് മരിച്ചത്.
താമരശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാലു ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്.
തുടര്‍ ചികിത്സക്കായി ഇന്ന് വീണ്ടും ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് മരണം.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗം വാർഡിന് സമീപം കൈവരികളിൽ ആശുപത്രി അധികൃതരുടെ നിർദേശം പാലിക്കാതെ വസ്ത്രങ്ങൾ അലക്കി ഉണങ്ങാനിടുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരാണ് നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാനിടുന്നത്.
പുതുതായി പ്രവർത്തനം തുടങ്ങിയ സർജിക്കൽ വാർഡിലാണ് അസ്ഥിരോഗ വിഭാഗം പ്രവർത്തിക്കുന്നത്. ഇവിടെ നനഞ്ഞ തുണികൾ ഉണങ്ങാനിടരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാലിത് കാറ്റിൽ പറത്തിയിരിക്കുകയാണ്.
നനഞ്ഞ തുണികൾ വാർഡിനോട് ചേർന്ന് വിരിച്ചിടുന്നത് വാർഡിൽ കിടക്കുന്ന രോഗികൾക്ക് അണുബാധയ്ക്കിടയാക്കുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിട്ടുള്ളത്. അപകടങ്ങളിൽപ്പെട്ട് ശരീരമാസകലം വലിയ മുറിവേറ്റവർ, സർജറി കഴിഞ്ഞവർ തുടങ്ങി നിരവധി രോഗികൾ അസ്ഥിരരോഗ വിഭാഗത്തിൽ ചികിത്സയിലുണ്ട്.
വാർഡിനോട് ചേർന്ന് കൈവരിയിൽ വസ്ത്രങ്ങൾ ഉണങ്ങാനിടുന്നത് രോഗികളെ ദോഷകരമായി ബാധിക്കും. ഇത് മനസിലാക്കി രോഗികളുടെ കൂട്ടിരിപ്പുകാർ പ്രവർത്തിക്കണമെന്നാണ് ആശുപത്രി അധികൃതരുടെ നിർദേശം.
Kerala
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ സജ്ജമാക്കിയ സ്കിൻ ബാങ്കിൽ ആദ്യ ചർമത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
മൂന്നാഴ്ചത്തെ കെമിക്കൽ പ്രോസസിംഗിനുശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടെയും നൂതന സാങ്കേതികവിദ്യയിലൂടെയും ചർമം വച്ചുപിടിപ്പിക്കും. അപകടത്താലും പൊള്ളലേറ്റും ചർമം നഷ്ടപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത് അത്യാവശ്യമാണ്. പുതിയ ചർമം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നൽകുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണനഷ്ടവും കുറയ്ക്കാനും സാധിക്കുന്നു.
6.75 കോടി രൂപ ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനോടൊപ്പം സ്കിൻ ബാങ്ക് സജ്ജമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്കിൻ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽകൂടി സ്കിൻ ബാങ്ക് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചർമം നൽകാൻ പലരും മടിച്ചതാണ് ഇത്രയേറെ വൈകാൻ കാരണം. മൃതദേഹത്തിന് ഒരു വൈരൂപ്യവും ഉണ്ടാക്കാത്ത രീതിയിലാണ് ചർമം എടുക്കുന്നത്. തുടയുടെ പുറകിൽനിന്നുൾപ്പെടെ പുറത്ത് കാണാൻ സാധിക്കാത്ത ഭാഗങ്ങളിൽനിന്നാണ് ചർമം എടുക്കുന്നത്.
മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ബന്ധുക്കൾ തീവ്രദുഃഖത്തിലും എടുത്ത തീരുമാനമാണ് നിർണായകമായത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. പ്രേംലാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചർമം ഹാർവെസ്റ്റ് ചെയ്തത്. ഇത് ചർമത്തിന്റെ കേടുപാടനുസരിച്ച് ഒന്നോ അതിലധികമോ ആൾക്കാർക്ക് വച്ചുപിടിപ്പിക്കാൻ സാധിക്കും.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവയ്ക്കുന്നതിനായി ദാതാക്കളിൽനിന്ന് ശേഖരിക്കുന്ന ചർമം സൂക്ഷിക്കുന്ന ഇടമാണ് സ്കിൻ ബാങ്ക്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് , ആറ്, ഒമ്പത് വാർഡുകളിലെ ശുചി മുറികൾ പൊളിച്ചു നീക്കിയെങ്കിലും പുതിയവ നിർമിക്കാൻ വൈകുന്നു. കഴിഞ്ഞ ജൂലൈ മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരണപ്പെട്ടതിനെത്തുടർന്ന് രണ്ട്, ആറ്, ഒമ്പത് വാർഡുകളിലെ കാലപ്പഴക്കം ചെന്ന ശുചിമുറി അടച്ചുപൂട്ടിയിരുന്നു.
തുടർന്ന് കഴിഞ്ഞമാസം ഈ ശുചിമുറികൾ പൊളിച്ചുനീക്കിയെങ്കിലും പുതിയവയുടെ നിർമാണം വൈകുകയാണ്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റു വാർഡുകളിലെ ശുചിമുറിയാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നത്.
രണ്ട്, ആറ്, ഒമ്പത് വാർഡുകളിൽ ഓപ്പറേഷൻ കഴിഞ്ഞവർ, കൈകാലുകൾ ഒടിഞ്ഞവർ, കിടന്നകിടപ്പിൽ കിടക്കുന്നവർ അടക്കം വ്യത്യസ്ത രോഗികളാണ് ചികിത്സയിലുള്ളത്. നടക്കാനാകാത്ത രോഗികൾ പ്രാഥമിക കൃത്യം നിർവഹിക്കാൻ മറ്റു വാർഡുകളിലേക്ക് പോകേണ്ടി വരുന്നത് ദുരിതത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇങ്ങനെയുള്ള രോഗികളെ സ്ട്രെക്ച്ചറിലും ട്രോളിയിലുമൊക്കെയാണ് മറ്റു വാർഡുകളിലെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നത്. പുതിയ ശുചിമുറികളുടെ നിർമാണം വൈകുന്തോറും ഈ വാർഡുകളിലെ രോഗികളുടെ ദുരിതം മാറ്റമില്ലാതെ തുടരും.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളജുകളിലെ ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ മതിയായ യോഗ്യത ഇല്ലാത്തവരെ അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കാൻ നീക്കമെന്ന് ആക്ഷേപം.
നിയമനത്തിനായി എംബിബിഎസും അതാതു വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ സീനിയർ റസിഡൻസി പരിശീലനവും യോഗ്യതയായി നിശ്ചയിച്ച് പിഎസ്സി അപേക്ഷ ക്ഷണിച്ചിരുന്നു.
പരീക്ഷ നിശ്ചയിച്ചിരുന്ന തീയതിയുടെ തലേ ദിവസം പരീക്ഷ മാറ്റിവയ്ക്കുന്നതായി അറിയിക്കുകയും മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത മറ്റു ചിലരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം പിഎസ്സി പുതിയൊരു വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന നേതൃത്വം ആരോപിച്ചു.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ജൂലൈ രണ്ടിലെ പുതിയ മാർഗനിർദേശപ്രകാരം ബയോകെമിസ്ട്രി, മൈക്രോബയോളജി, അനാട്ടമി എന്നീ വകുപ്പുകളിൽ മെഡിക്കൽ ഡിഗ്രിയുള്ള അധ്യാപകരുടെ അഭാവമുണ്ടെങ്കിൽ മാത്രം നോണ്‍മെഡിക്കൽ ഉദ്യോഗാർഥികളെ പരിഗണിക്കാമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിർദേശത്തിന്റെ പിൻബലത്തിലാണു പുതിയ വിജ്ഞാപനമെന്നാണു കരുതപ്പെടുന്നത്.
എന്നാൽ, കേരളത്തിൽ ഇപ്പോൾതന്നെ ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ പ്രീ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ വിഭാഗങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ധാരാളമുണ്ട്. എംഡി ബയോകെമിസ്ട്രി പൂർത്തിയാക്കിയ 57 പേർ ഈ പിഎസ്സി പരീക്ഷയിലേക്ക് അപേക്ഷിച്ചിട്ടുള്ളതാണ്. പതിനഞ്ചോളം ഒഴിവുകൾ മാത്രമാണു നിലവിലുള്ളത്.
എംഡി മൈക്രോബയോളജി കഴിഞ്ഞ നൂറോളം ഉദ്യോഗാർഥികളും അപേക്ഷിച്ചിട്ടുണ്ട്. ആകെ ഒഴിവുകളുടെ മൂന്നിരട്ടിയിലധികം ആളുകൾ അപേക്ഷിക്കുകയും പരീക്ഷയ്ക്കായി തയാറാകുകയും ചെയ്തിരിക്കേ അപ്രതീക്ഷിതമായി പരീക്ഷ മാറ്റിവച്ചത് മെഡിക്കൽ ബിരുദം ഇല്ലാത്ത നോണ്‍മെഡിക്കൽ ഉദ്യോഗാർഥികൾക്ക് അനധികൃതമായി അവസരം നൽകുന്നതിനാണെന്നു വ്യക്തം.
ബയോകെമിസ്ട്രി, മൈക്രോബയോളജി, അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി എന്നീ വിഭാഗങ്ങളിലേക്ക് എംഡി യോഗ്യതയുള്ളവരെ മാത്രം അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, സെക്രട്ടറി ഡോ. റോയി കെ. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴയിലും സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുതെന്ന് നിർദേശം നൽകി. നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം.
ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങരുത്. വീടുകളിലെയും സർക്കാർ സ്വകാര്യ, സ്ഥാപനങ്ങളിലെയും ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി. വിനയ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്.
കടുത്ത പനിയെ തുടർന്ന് വിനയ രണ്ട് മാസം മുൻപ് നെടുമങ്ങാട് ആശുപത്രിൽ ചികിത്സ തേടിയിരുന്നു. പനി മാറിയതിന് പിന്നാലെ യുവതിക്ക് അപസ്മാരം പിടിപെട്ടിരുന്നു. ഇതേ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
മെഡിക്കൽ കോളജിൽ നടത്തിയ രക്ത പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. എന്നാൽ അണുബാധ എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
വിനയ വീട്ടിലെ കിണർ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. യുവതിയുടെ വീട്ടിലെ കിണർ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
District News
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ കുട്ടികളുടെ അഡ്മിഷൻ വാർഡ് പ്രവർത്തനമാരംഭിച്ചു.
ശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ വാർഡ് തുറന്നുകൊടുത്തത്. നവീകരിച്ച വാർഡ് എംഇഎസ് വൈസ് പ്രസിഡന്റ് ഷാഫി ഹാജി തിരൂർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മെഡിക്കൽ വിഭാഗം മേധാവി ഡോ.പുരുഷോത്തമൻ വാർഡിന്റെ പ്രത്യേകതകളെയും സേവന സൗകര്യങ്ങളെയും കുറിച്ച് വിശദീകരിച്ചു.
കുട്ടികൾക്ക് അനുയോജ്യമായ ഇന്റീരിയർ, കളിയിടങ്ങൾ, സുരക്ഷിത ചികിത്സാ സംവിധാനങ്ങൾ, മാതാപിതാക്കൾക്ക് സൗകര്യപ്രദമായ വിശ്രമ സ്ഥലങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത വാർഡ് കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമാണെന്ന് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹമീദ് ഫസൽ പറഞ്ഞു. ഡെപ്യൂട്ടി രജിസ്ട്രാർ ഡോ.അലി റിഷാദ്, സ്റ്റാഫ് അഡ്വൈസർ ഡോ.ആസിഫ് അലി ഉസ്മാൻ എന്നിവർ സംസാരിച്ച
Kerala
കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗി തൂങ്ങിമരിച്ചു. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ. ലീനയാണ്(46)മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.15 നാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാലാംനിലയില്‍ 401-ാം വാര്‍ഡിലെ കുളിമുറിയില്‍ ഷവറില്‍ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കെട്ടഴിച്ച് ചികിത്സ നല്‍കിയെങ്കിലും മരണംസംഭവിച്ചു.
ബുധനാഴ്ച രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ്: സന്തോഷ്. മകന്: യദുനന്ദ്.
Kerala
തിരുവനന്തപുരം: ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് പൂര്‍ണമായി ഒപി ബഹിഷ്കരിച്ച് പണിമുടക്കും. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നു ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) അറിയിച്ചു.
ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്കരിക്കുമെന്നും സംഘടന വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
21നും 29നും ഒപി ബഹിഷ്കരിക്കും. ഇന്ന് രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി സി.എസ്. അരവിന്ദ് നിര്‍വഹിക്കും.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തിൽ, അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നൽകിയിരുന്നു. കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അതേസമയം വേണുവിന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്ന നിർദേശം റിപ്പോർട്ടിലുണ്ട്. ഇതിനായി വേണുവിന്റെ ഭാര്യ സിന്ധുവിൽ നിന്ന് വിവരങ്ങൾ തേടും.
അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പഠിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നാണ് ഡിഎംഇയുടെ നിലപാട്. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും ആരോഗ്യ മന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറുക.
Kerala
തിരുവനന്തപുരം: ചികിത്സ കിട്ടാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു.
വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല ഇന്നലെ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞത്. അജ്ഞിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നായിരുന്നു വാദം.
എന്നാൽ ചികിത്സ കിട്ടിയില്ലെന്ന വേണുവിന്റെതന്നെ ശബ്ദ സന്ദേശം ആരോഗ്യവകുപ്പിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.
District News
കോഴിക്കോട്: മെഡിക്കല്‍ കോളജ് ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികള്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചു. എംഎസ്എസ് ഓഫീസ് മുതല്‍ ഡെന്റല്‍ കോളജ് ഗേറ്റ് വരെയുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തികളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ബിജെപി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രദേശവാസികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചത്.
പ്രതിഷേധ പരിപാടിക്ക് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, ബിജെപി ഏരിയ പ്രസിഡന്റ് അനില്‍ അംകോത്ത്, മനേഷ് കുമാര്‍, യൂണിറ്റി ഫോര്‍ റിംഗ് റോഡ് കമ്മിറ്റിയുടെ ചെയര്മാന് കെ.സി. പ്രവീണ്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ സി. കെ സലീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
എംഎസ്എസ് ഓഫീസ് മുതല്‍ ഡെന്റല്‍ കോളജ് വരെയുള്ള കുത്തനെയുള്ള ഇറക്കത്തില്‍ 7 മീറ്ററിലും ചില സ്ഥലങ്ങളില്‍ 5.30 മീറ്ററിലും റോഡ് നിര്‍മിക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ നല്കിയ കേസിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കളക്ടറോട് സ്ഥലം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തു. 10 മീറ്റര്‍ വീതിയില്‍ റൂളിംഗ് ഗ്രേഡിയന്റ് കണക്കിലെടുത്ത് റോഡ് നിര്‍മിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
പ്രസ്തുത ഉത്തരവ് ഇപ്പോഴത്തെ കളക്ടര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികളും കൗണ്‍സിലര്‍ ടി.കെ. ചന്ദ്രനും വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിനെത്തുടര്‍ന്ന് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. കോടതി നിയമിച്ച കമ്മീഷന് സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടം കോടതി വിധിയെ കാറ്റില്‍ പറത്തിക്കൊണ്ട് റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
District News
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Kerala
വി.എൻ. വാസവൻ
സഹകരണ, തുറമുഖം,
ദേവസ്വം മന്ത്രി
ആതുരസേവനത്തിൽ കേരളത്തിന് എന്നുംഅഭിമാനകരമായ പ്രവർത്തനംനടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. അത് അവിടുത്തെ അത്യാധുനിക സൗകരങ്ങളിലൂടെ മാത്രം നേടാനായതല്ല, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്.
അതുല്യമായ നേട്ടങ്ങൾ
എൽഡിഎഫ് സർക്കാർ വന്ന് ഒമ്പതു വർഷത്തിനിടെ 1,165 കോടിരൂപയുടെ വികസനപദ്ധതികളാണ് 89 പദ്ധതികളിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളജ് അത്തരം ഏഴെണ്ണം വിജയകരമായി നടത്തി. 233 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇവിടുത്തെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം നാലായിരത്തിലധികം ഇന്റവെൻഷണൽ റേഡിയോളജി പ്രൊസീജറും നൂറിലധികം മേജർ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജറുകളും ചെയ്ത് ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപന്തിയിലെത്തി.
വർഷം രണ്ടായിരത്തിലധികം മേജർ ഓപ്പറേഷൻ ചെയ്യുന്ന ഹൃദയശസ്ത്രക്രിയാ വിഭാഗമാണ് ഇവിടെയുള്ളത് . ഓപ്പൺ ഹാർട്ട് സർജറി, പീഡിയാട്രിക് ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ എന്നിവ നടത്തുന്നതിൽ അസാമാന്യമികവ് പുലർത്തുന്നു. വർഷം ആയിരത്തിനുമേൽ മേജർ ഓപ്പറേഷൻ ചെയ്യുന്ന ന്യൂറോസർജറിവിഭാഗം. വളരെ സങ്കീർണവും ചെലവേറിയതുമായ അയോർട്ടിക് അന്യൂറിസം ആൻഡ് അയോർട്ടിക് റൂട്ട്സർജറിയിൽ അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്പൂർത്തിയാക്കിയ ഇന്ത്യയിലെ മൂന്നു പ്രധാന അയോർട്ടിക് സർജറി സെന്ററുകളിലൊന്നാണ് ഇവിടുത്തെ ഹൃദയശസ്ത്രക്രിയാ വിഭാഗം.
കഴിഞ്ഞ 10 വർഷംകൊണ്ട് ആയിരത്തിലധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്ത് ഇന്ത്യയിലെ ഏറ്റവുമധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്യുന്ന സെന്ററായി. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ഇവിടെ പിറന്നു. ഗൈനക്കോളജിയിൽ മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന, മരണത്തോട് മുഖാമുഖംനിന്ന 249 അമ്മമാരെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ചികിത്സിച്ചു ഭേദമാക്കി.
വിപുലമായ ചികിത്സാ സൗകര്യങ്ങൾ
പണിപൂർത്തിയായ എട്ടുനിലയുള്ള സർജിക്കൽ ബ്ലോക്ക്, നിർമാണംനടക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് എന്നിവ 526 കോടിരൂപയുടെപദ്ധതികളാണ്. സർജിക്കൽ ബ്ലോക്കിൽ 565 കിടക്കയും14 ഓപ്പറേഷൻ തിയറ്ററുമുണ്ട് . സൂപ്പർ സ്പെഷലിറ്റി ബ്ലോക്കിൽ 365 കിടക്കയും12 ഓപ്പറേഷൻ തിയറ്ററുമുണ്ട്. 36 കോടിരൂപ മുടക്കി കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം പൂർത്തീകരിച്ചു. പത്തരക്കോടി രൂപ മുടക്കുള്ള സാംക്രമികരോഗ ചികിത്സാവിഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി, അഞ്ച് നിലയുള്ള അത്യാഹിതവിഭാഗം കെട്ടിടം നിർമിച്ചത്.
നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങളുംആശുപത്രിയിൽ നടത്തി. ആർദ്രം പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി ഗൈനക്കോളജി വിഭാഗത്തിനായി 8.5 കോടിരൂപ മുടക്കി.
മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾക്ക് ഒന്നരക്കോടി, സിടി സിമുലേറ്ററിന് നാല് കോടി, പിജി റെസിഡൻസ് ക്വാർട്ടേഴ്സിന് 12.10 കോടി, വനിതകളുടെ 450 ബെഡ് ഹോസ്റ്റലിന് 12.24 കോടി, 13 ഐസൊലേഷൻ കിടക്കകൾക്ക് 16.5 കോടി, എംആർഐ ഡിഎസ് എ സംവിധാനത്തിന് 11.5 കോടി, ബേൺസ് ഐസിയു 16.9 കോടി, സ്കിൻ ലാബ് 4.8 കോടി, നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിന് അഞ്ച് കോടിഎന്നിങ്ങനെ ചെലവഴിച്ചു.
ഏഴ് കോടിരൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചു. പാരാമെഡിക്കൽ ഹോസ്റ്റലിന് ആറ് കോടി, എപ്പിഡമിക് വാർഡിന് ആറ് കോടി, 32 സ്ലൈസ് സിടി സ്കാനിന് 4.28 കോടി, ഫാർമസി കോളജിന് 27.2 കോടി എന്നിങ്ങനെ ചെലവഴിച്ചു. കുട്ടികളുടെആശുപത്രിയിൽ 6.5 കോടിരൂപയുടെപദ്ധതികൾ നടപ്പാക്കി.
മികവിന്റെ മുദ്രചാർത്തിയ അംഗീകാരങ്ങൾ
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്ക്ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സ്ഥാപനത്തിനുള്ള ആരോഗ്യമന്ഥൻ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കാണ് ലഭിച്ചത്. 2022ലെ മെഡിസെപ് ബെസ്റ്റ് പെർഫോമറായി.
കോട്ടയം എംസിഎച്ച് തുടങ്ങിയ പദ്ധതികളും അനവധി. ആദ്യമായിട്രാൻസ്ജെൻഡർ ക്ലിനിക്ആരംഭിച്ചു. കേരളത്തിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി എംഡിഎസ് കോഴ്സ് കോട്ടയം ദന്തൽ കോളജിൽ ആരംഭിച്ചു. സർക്കാർ തലത്തിലെ ആദ്യ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ ഒന്നാമതും ആകെ ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമെത്തി. കേരളശ്രീ പുരസ് കാരം ലഭിച്ചിട്ടുള്ള ഏറ്റവുംസമർഥനായ ഡോക്ടറാണ് സൂപ്രണ്ട് ടി.കെ. ജയകുമാർ.
മാസ് കാഷ്വാലിറ്റി കൈകാര്യം
ചെയ്യുന്നതിൽ വിജയം
ദുരന്തസാഹചര്യങ്ങളിൽ മാസ് കാഷ്വാലിറ്റിയെ മികച്ചരീതിയിൽ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, നൂറിലധികം പേർ മരിച്ച പുല്ലുമേട് ദുരന്തം, തേക്കടി ബോട്ടപകടം തുടങ്ങി കൂട്ടിക്കൽ ഉരുൾപൊട്ടൽ വരെ എത്രയെത്ര സംഭവങ്ങൾ മെഡിക്കൽ കോളജ് മാസ് കാഷ്വാൽറ്റി കൈകാര്യം ചെയ്തു. ഇതിനെല്ലാം സാക്ഷിയായ എളിയ പൊതുപ്രവർത്തകനായിരുന്നു ഞാൻ. പ്രതിവർഷം പത്തേകാൽ ലക്ഷം ഒപിയും 1,10,000 ഐപിയുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
മൂർഖന്റെ കടിയേറ്റ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച വാവ സുരേഷിനെ ഈ ആതുരാലയം ജീവിതത്തിലേക്കു മടക്കിയെത്തിച്ചത് ആരും മറന്നിട്ടുണ്ടാകില്ല. അതിവേഗം ടീം രൂപീകരിച്ച് നടത്തിയ പ്രവർത്തനം കേരളം അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. മറ്റൊരിക്കൽ, മണിപ്പാലിൽനിന്നുവരെ രക്ഷയില്ലെന്നു പറഞ്ഞ് തിരിച്ചയച്ച രോഗിയുടെ 43 കിലോ വരുന്ന ട്യൂമർ ഇവിടെ നീക്കംചെയ്തു.
ജൂലൈ മൂന്നിനുണ്ടായ ദുരന്തത്തിൽ ഡി. ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം അതിദാരുണവും വേദനാജനകവുമാണ്. അന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഹത്തായ ഈ ആരോഗ്യസ്ഥാപനത്തെ ആ അപകടം ഉപയോഗപ്പെടുത്തി തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.
District News
വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി 21 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നവകേരള സദസ്സിൽ ജില്ലയിൽ നിന്ന് ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ചാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റുന്നതിന് ഈ പദ്ധതികൾ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സിടി സ്കാനർ, ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം, 3-ഡി ലാപ്രോസ്കോപിക് സെറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി ഏഴ് കോടി രൂപ മാനന്തവാടി നിയമസഭ മണ്ഡലത്തിന് അനുവദിച്ചിട്ടുണ്ട്. ഇത് വയനാട്ടിലെ ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവ് നൽകും.
കൂടാതെ, വനം-വന്യജീവി വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിൽ സോളാർ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മരിയനാട് പ്രോജക്ടുമായി ബന്ധപ്പെട്ട തൊഴിലാളി ആനുകൂല്യങ്ങൾക്കുമായി തുക വകയിരുത്തിയിട്ടുണ്ട്. കൽപ്പറ്റ മണ്ഡലത്തിൽ റോഡ് നവീകരണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
District News
കോന്നി ഗവ. മെഡിക്കൽ കോളജിൽ കരാർ വ്യവസ്ഥയിൽ ജൂനിയർ റെസിഡന്റുമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 11-ന് രാവിലെ 10.30-ന് നടക്കും. എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ബിരുദ സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം എത്തണം. പ്രവൃത്തി പരിചയമുള്ളവർക്കും ജില്ലയിലുള്ളവർക്കും മുൻഗണന നൽകും. പ്രായപരിധി 50 വയസ്സാണ്.